Monday, 11 June 2018

നിപ്പാ വൈറസിനെ കണ്ടെത്തിയ ഡോക്ടർമാർക്കും വൈറസിനെ പിടിച്ചുകെട്ടിയ ആരോഗ്യപ്രവർത്തകർക്കും കേരളത്തിൻറെ അഭിനന്ദനങ്ങൾ

നിപ്പാ വൈറസിനെ കണ്ടെത്തിയ ഡോക്ടർമാർക്കും വൈറസിനെ പിടിച്ചുകെട്ടിയ ആരോഗ്യപ്രവർത്തകർക്കും കേരളത്തിൻറെ അഭിനന്ദനങ്ങൾ
നിപ്പാ വൈറസ് ബാധയെ പ്രതിരോധിക്കാൻ  ജില്ലാ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും നടത്തിയ ഭഗീരഥ പ്രയത്നത്തിനു ഫലമുണ്ടായി. കേരളത്തിൽ നിപ്പാ വൈറസ് ബാധ പൂർണമായും നിയന്ത്രണത്തിലായതായി ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചു.നിപ്പായെ പിടിച്ചുകെട്ടാൻ പരിശ്രമിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു .ഒരു സ്വകാര്യാശുപത്രിയിലെ ഡോക്ടറുടെ  വിവേകം കൊണ്ടുമാത്രമാണ് നിപ്പയെ കണ്ടെത്താൻ കഴിഞ്ഞത് .ഡോക്ടർക്ക് ജനകോടികളുടെ ആദരവ് .നിപ്പാ രോഗികളെ ചികിത്സിക്കുന്നതിനും പരിചരിക്കുന്നതിനും തയാറായ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരും നാടിന്റെ നന്ദിയും ആദരവും അർഹിക്കുന്നു.

 കേരളത്തിന് ഇപ്പോഴും സ്വന്തമായി വൈറോളി ഇൻസ്റ്റിറ്റ്യൂട്ട്പോലും നടത്തിക്കൊണ്ടുപോകാനായിട്ടില്ല എന്ന യാഥാർഥ്യം മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് . ഒരു പുതിയ വൈറസ് വന്നാൽ മണിപ്പാലിലേക്ക് ഓടേണ്ടിവരുന്ന ഗതികേട് ആരോഗ്യകേരളത്തിന് ഏതുനിലയ്ക്കും അപമാനകരമാണ്. 17 പേരുടെ  ജീവനെടുത്ത, പിന്നിട്ട ദുരന്തം നമ്മുടെ കണ്ണുകൾ തുറപ്പിക്കാനായെങ്കിൽ അത്  ഇതിലും വലിയ ദുരന്തങ്ങൾ തടയുന്നതിന് ഒരു പ്രേരകശക്തിയായിമാറും.മേയ് അഞ്ചിനാണ് നിപ്പാ വൈറസ് ബാധിച്ചെന്നു കരുതുന്ന ഒരാൾ ആദ്യമായി പേരാന്പ്ര സൂപ്പിക്കടയിൽ മരിച്ചത്. പിന്നീടു മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചിലരിൽ നിപ്പാ ബാധ സ്ഥിരീകരിക്കപ്പെട്ടു. വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിൽനിന്നുപോലും വൈറസ് ബാധയുണ്ടാകാമെന്നതിനാൽ അവരുടെ സംസ്കാരംപോലും അതീവ ജാഗ്രതയോടെയാണു നടത്തിയത്. ഇതിനിടെ, ഭീതി പരത്തുന്ന വ്യാജപ്രചാരണങ്ങളും നടന്നു. നാടു നേരിടുന്ന വലിയ പ്രതിസന്ധിക്കു മുന്നിൽ ഇതികർത്തവ്യതാമൂഢരായി നിൽക്കാതെ, വലിയ ജാഗ്രതയോടെ എല്ലാ വിഭാഗവും കൂട്ടായി പരിശ്രമിച്ചു. അതിനു ഫലവുമുണ്ടായി

 ഇരുപത്തൊന്നു ദിവസത്തെ ഇൻകുബേഷൻ കാലാവധി കൂടാതെ മറ്റൊരു 21 ദിവസത്തേക്കുകൂടി രോഗികളെ നിരീക്ഷിക്കേണ്ടതുണ്ട്. രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ഭീതിയും അകന്നിട്ടുണ്ട്. നിപ്പാ വ്യാപനം നമ്മുടെ ആരോഗ്യരംഗത്തു വിലപ്പെട്ട കുറെ തിരിച്ചറിവുകൾ തന്നിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന അസാധാരണ വൈറസ് ആക്രമണങ്ങളെ നേരിടാൻ നമുക്കു പരിമിതമായ സംവിധാനങ്ങൾ മാത്രമേയുള്ളൂ .ജീവൻപോലും പണയപ്പെടുത്തി സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകർക്ക് അർഹമായ അംഗീകാരം നൽകണം. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം അതിവേഗം നടക്കട്ടെ. മണിപ്പാലിലേക്കും പൂനയിലേക്കും പോകാതെ എല്ലാ രോഗാണു പരിശോധനകളും ഇവിടെത്തന്നെ നടത്താൻ കഴിഞ്ഞാൽ അതു വലിയ നേട്ടമായിരിക്കും.പലവിധത്തിലുള്ള വ്യാധികൾ ഇടയ്ക്കിടെ കേരളത്തിൽ പടർന്നുപിടിക്കാറുണ്ട്. ഇവയെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്താൻ സംവിധാനമുണ്ടാകണം.അത്യാഹിതം സംഭവിക്കുമ്പോൾമാത്രം ഉണരേണ്ടതല്ല നമ്മുടെ സംവിധാനങ്ങൾ. അത് മുൻകൂട്ടി കാണാനും തടയാനും ആവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകതന്നെ വേണം .ആരോഗ്യ വകുപ്പ് എന്നും ജാഗ്രതയോടെയിരിക്കേണ്ടതുണ്ട് .



പ്രൊഫ്. ജോൺ കുരാക്കാർ


No comments:

Post a Comment