Thursday, 28 June 2018

കാൽപന്തിനെക്കാളും വിലയില്ലാത്തതാണോ മനുഷ്യ ജീവിതം?

കാൽപന്തിനെക്കാളും വിലയില്ലാത്തതാണോ മനുഷ്യ  ജീവിതം?
ഫുട്‍ബോൾ  കളിയെ സ്നേഹിക്കേണ്ടതു സ്വന്തം ജീവിതം കളഞ്ഞിട്ടല്ലയെന്നു സമ്പൂർണ്ണ സാക്ഷരതാ നേടിയ  കേരളത്തിലെ  ഒരു യുവാവ് തിരിച്ചറിയാതെ പോയല്ലോ .ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സുംഹൃദയവും റഷ്യയിലെ ലോകകപ്പ് മൈതാനങ്ങളിലാണ്. ലോകകപ്പിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് ആത്മഹത്യക്കുറിപ്പ് എഴുതിവച്ചശേഷം  ആത്മഹത്യ ചെയ്ത കോട്ടയം ആറുമാനൂർ സ്വദേശി ദിനു അലക്സിനെ  ഓർത്ത്  നാടുമുഴുവൻ ദുഃഖിക്കുകയാണ്‌ .അപ്രതീക്ഷിതമായ വേർപാടിൽ ഇരുളാണ്ടുപോയ ദിനുവിന്റെ കുടുംബത്തിന്റെ മഹാദുഃഖം ഒരു നാടിൻറെ വേദനയായി മാറി

ഫുടബോൾ ഭ്രാന്തിൽ  സ്വയം കാറ്റൊഴിച്ചുവിടാൻ മാത്രമുള്ള ഫുട്ബോളായി ജീവിതത്തെ കാണുന്നതിനു ന്യായീകരണമുണ്ടോ? അർജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകനായിരുന്നു ദിനു. ദിനുവിന്റെ മരണത്തിലൂടെ ഹൃദയവും ഇനിയുള്ള ജീവിതവും മുറിവേറ്റുപോയ കുടുംബത്തിന്റെ പ്രാണസങ്കടം മെസ്സിയോ ഏതെങ്കിലും അർജന്റീനക്കാരനോ അറിയുന്നുണ്ടാവുമോ? 2010 ലോകകപ്പ് വേളയിൽ, നിരാശപൂണ്ട വയനാട് മേപ്പാടിയിലെ ബ്രസീൽ ആരാധകൻ ജീവനൊടുക്കിയിരുന്നു. മെക്സിക്കോയുമായുള്ള മത്സരത്തിൽ അർജന്റീനയുടെ മികച്ച പ്രകടനം കണ്ടതുകൊണ്ടുള്ള നിരാശയായിരുന്നു അന്ന് ആ ഇരുപത്തിയാറുകാരന്റെ സ്വയംഹത്യയ്ക്കു കാരണം

 1998ലെ ലോകകപ്പിൽനിന്ന് അർജന്റീന പുറത്തായതിന്റെ നിരാശയിൽ, തൃശൂർ കൊടകരയിലെ ഇരുപത്തിനാലുകാരനും സ്വയം ജീവനെടുത്തിരുന്നു. കളിയും ജീവിതവും രണ്ടായി കാണാൻ ഇവർക്ക് കഴിയാതെ പോകുന്നു .ലോകകപ്പ്തോൽവിയിൽ മാത്രമല്ല, ജീവിതത്തിൽ പ്രതീക്ഷിക്കാതെയുണ്ടാകുന്ന പല തിരിച്ചടികളിലും ചിലർ അടിപതറുന്നതിനു പ്രധാന കാരണം, അവർക്കു യാഥാർഥ്യങ്ങളെ നേരിടാനുള്ള കഴിവു കുറവായതുകൊണ്ടാകാം .ഒരു കളിയിൽ തോറ്റാൽ മറ്റൊരുകളിയിൽ അവർക്കു ജയിക്കാനാകും  പക്ഷേ, ജീവിതത്തിൽ തോറ്റ്, മരണത്തെ ജയിപ്പിച്ചാൽ വീണ്ടുമൊരു അവസരമില്ല.കളിയല്ല ജീവിതം എന്ന് യുവാക്കൾ മനസ്സിലാക്കണം .സ്വന്തം ജീവിതത്തെയും കുടുംബത്തെയും സമൂഹത്തെയും സ്നേഹിക്കുന്ന ഒരാൾക്ക്  കളിയും ജീവിതവും  തിരിച്ചറിയാൻ കഴിയും.


പ്രൊഫ്. ജോൺ കുരാക്കാർ


Wednesday, 27 June 2018

കേരളത്തിൽ വിഷമത്സ്യ വ്യാപാരം വ്യാപകം.

കേരളത്തിൽ വിഷമത്സ്യ വ്യാപാരം വ്യാപകം.
മലയാളികൾക്ക്  മീനില്ലാതെ ജീവിതമില്ല . മലയാളിയും മീനും തമ്മിലുള്ള ബന്ധം മീനും കടലും തമ്മിലുള്ള ബന്ധംപോലെ ദൃഢമാണ് .പക്ഷെ  ഇന്ന് മീൻ കഴിക്കാൻ കഴിയാത്ത സ്ഥിതിയാണ് .വിഷം സർവത്ര വിഷം .ഫോര്മാലിന് കലര്ത്തിയ മത്സ്യം കേരളത്തിൽ കടത്തുന്നവര്ക്കെതിരെ  കര്ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നു .മത്സ്യത്തില്  മായം ചേര്ക്കുന്നവര്ക്കെതിരെ ശക്തമായ നടപടികള് ക്കൈകൊള്ളാന് മുഖ്യമന്ത്രി നിര്ദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ പലതും നൽകിയിട്ടും വിഷമത്സ്യ വ്യാപാരം തകൃതിയായി നടക്കുകയാണ് .വിഷമൽസ്യത്തിന്റെ  ഭയാനക ചിത്രങ്ങളാണ്  ഓരോ ദിവസവും പാത്രത്തിൽ വരുന്നത്.

ആവശ്യത്തിനു ജീവനക്കാരും പരിശോധനാസംവിധാനങ്ങളും ഒരുക്കി ഭക്ഷ്യസുരക്ഷാവിഭാഗത്തെ ശക്തവും സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നതുമാക്കി മാറ്റുകയാണ് ഈ വിപത്തിൽനിന്നു രക്ഷപ്പെടാനുള്ള വഴി  പച്ചക്കറിയിലെയും അരിയുൾപ്പെടെയുള്ള ധാന്യങ്ങളിലെയും കീടനാശിനി വിഷാംശത്തിനു പുറമേയാണ്  ഈ വിഷമൽസ്യകച്ചവടവും . അധികൃതർ ഈയിടെ നടത്തിയ പരിശോധനകളിൽ മാരക രാസവസ്തു കലർത്തിയ ടൺ കണക്കിനു മത്സ്യം പിടികൂടിയിട്ടുണ്ടെങ്കിലും വർഷങ്ങളായി നാം കഴിച്ചുപോരുന്ന മീൻവിഭവങ്ങളിൽ ഇത്തരം വിഷാംശങ്ങൾ  ഉണ്ടായേക്കാമെന്ന ആശങ്ക കേരളത്തെ ഞെട്ടിക്കുന്നു.

കഴിഞ്ഞദിവസം വാളയാറിലെ ചെക് പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ, ഫോർമലിൻ കലർത്തിയ നാലുടൺ ചെമ്മീനാണു പിടികൂടിയത്. ആന്ധ്രപ്രദേശിൽനിന്നു കണ്ടെയ്നറിൽ കൊണ്ടുവന്ന ചെമ്മീൻ ആലപ്പുഴ അരൂരിലേക്കാണു കൊണ്ടുപോയിരുന്നത്. മൃതദേഹങ്ങൾ കേടുവരാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോർമലിൻ മനുഷ്യശരീരത്തിൽ കടന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കഴിഞ്ഞയാഴ്ച തിരുവനന്തപുരം അമരവിള ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറു ടൺ മത്സ്യത്തിൽ ഫോർമലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ചയിൽതന്നെ, വാളയാറിൽനിന്നു പിടിച്ചെടുത്ത ആറു ടൺ മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തിരിച്ചയയ്ക്കുകയും ചെയ്തു.

മത്സ്യഭുക്കായ ഒരു കേരളീയൻ ഒരു വർഷം 27 കിലോ മീൻ കഴിക്കുമെന്നാണു ശരാശരി കണക്ക്.  ഇതര സംസ്ഥാനങ്ങളിൽനിന്നു മത്സ്യം കൊണ്ടുവരുന്നവർ വാഹനത്തിൽ ഫ്രീസർ ഘടിപ്പിക്കുന്നതിനുള്ള ചെലവു കുറയ്ക്കാനാണു ഫോർമലിനും അമോണിയയും ചേർക്കുന്നത്. സംസ്ഥാനത്തേക്കു വരുന്ന മുഴുവൻ മത്സ്യവും പരിശോധിക്കാനുള്ള സംവിധാനം ഭക്ഷ്യസുരക്ഷാവകുപ്പിന് ഇപ്പോഴില്ലെന്നതു സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.കടലിൽനിന്നു തുറമുഖത്തെത്തുന്ന മത്സ്യം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും സൂക്ഷിക്കപ്പെടുന്നുവെന്നുമുള്ള പരിശോധനകൾക്കു ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംവിധാനമുണ്ടാക്കണം. അവിടെനിന്നു വിപണിയിലേക്കുള്ള യാത്ര ഗുണനിലവാരത്തോടെയാണെന്ന് ഉറപ്പുവരുത്തുകയും വേണം. ഉണക്കമൽസ്യത്തിൻറെ കാര്യവും ഗൗരവമായി എടുക്കേണ്ടതുണ്ട്‌. ട്രോളിങ് നിരോധനത്തിനിടെ ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരുടെ ഉപജീവനമാർഗം ഇപ്പോഴത്തെ ആശങ്കാസാഹചര്യത്തിൽഇല്ലാതാകാൻ പാടില്ല  മത്സ്യത്തിൽ  വിഷം ചേർക്കുന്നവരെ കണ്ടെത്തി കടുത്തശിക്ഷത്തെന്നെ നൽകണം .



പ്രൊഫ്. ജോൺ കുരാക്കാർ

.



Tuesday, 26 June 2018

വരൂ ,ലഹരിക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം

വരൂ ,ലഹരിക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം
ഇന്ന്, 2018ജൂണ് 26. ലോക ലഹരിവിരുദ്ധ ദിനം.1987 ലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന് തുടങ്ങിയത്. ലഹരി പദര്ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വര്ഷവും ഈ ദിനം ആചരിക്കുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാര്ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന് വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്ത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന  ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് .ലോകമെമ്പാടും ലഹരിക്കെതിരെ നിരവധി പ്രതിഷേധങ്ങളും ബോധവല്ക്കരണങ്ങളും നടത്തുമ്പോഴും ആളുകള്ക്കിടയിലെ ലഹരി ഉപയോഗം കുറയുന്നില്ലായെന്നതാണ് വാസ്തവം .

യുവജനങ്ങളാണ് പലപ്പോഴും ലഹരിയുടെ കെണിയില് വീഴുന്നത്. ജീവിതം പോലും വഴിതെറ്റിക്കുന്ന ഈ  വസ്തുക്കളെ കുറിച്ച് യുവജനങ്ങള്ക്ക് വേണ്ടത്ര അറിവില്ലെന്നതാണ് യഥാര്ത്ഥ കാരണം. കേവലം ഒരു വിനോദത്തിന് വേണ്ടി ആരംഭിക്കുന്ന പല ശീലങ്ങളും പിന്നീട് ഒഴിവാക്കാനാവാത്ത ലഹരിയോടുള്ള അടിമത്തമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഒരിക്കലും പിന്മാറാന് സാധിക്കാതെ ലഹരിയുടെ അഗാധര്ത്തത്തിലേക്കാണ് അവര് വീണു പോകുന്നത്.ലഹരികള് വ്യക്തിജീവിതത്തേയും കുടുംബജീവിതത്തേയും അതിലുപരി സമൂഹത്തെ തന്നെയും ബാധിക്കുമ്പോഴാണ് പലപ്പോഴും ഗൗരവകരമായ ചിന്തകള് ഉടലെടുക്കുന്നത്. അതിനാല് ലഹരി ഉപയോഗത്തിനെതിരെ ആളുകളില് പ്രചാരണം നടത്തുക എന്നത് മാത്രമല്ല, ഓരോരുത്തരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണം.കൂട്ടായ പ്രയത്നവും ഇതിന് ആവശ്യമാണ്. യു.ആർ.ഐ  സൗത്ത് ഇന്ത്യ റീജിയനും  കരിക്കം ഇന്റര്നാഷണൽ പബ്ലിക് സ്കൂളും  സംയുക്തമായി കരിക്കാം കിപ്‌സിൽ വച്ച്  ലഹരിവിരുദ്ധ സെമിനാറും നൂറുകണക്കിന് വിദ്ധ്യാർത്ഥികൾ പങ്കെടുത്ത  ലഹരിവിരുദ്ധ റാലിയും നടത്.തി വരൂ .ലഹരിക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം.



പ്രൊഫ്. ജോൺ കുരാക്കാർ






Saturday, 23 June 2018

റെയിൽവേയുടെ കേരളത്തോടുള്ള ശത്രുതാപരമായ സമീപനം മാറ്റണം

റെയിൽവേയുടെ കേരളത്തോടുള്ള ശത്രുതാപരമായ സമീപനം മാറ്റണം
കേരളത്തെ റെയിൽവേ  എന്നും അവഗണിക്കുകയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട്  എല്ഡിഎഫ് എം.പിമാര് ഡല്ഹിയില് റയില്ഭവനു മുന്നില്  ധർണ നടത്തിയിരുന്നു.റയില് വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു .കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ വിമര്ശനം. ആകാശത്തുകൂടി ട്രെയിന് ഓടിക്കാന് കഴിയില്ല. റയില്വെ വികസനത്തിന് തടസ്സം സ്ഥലമേറ്റെടുപ്പാണ്.എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു . പ്രശ്നത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്  ആവശ്യപ്പെട്ടിരുന്നു. 
കേരളത്തോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസര്ക്കാര് സ്വീകരിക്കുന്നതെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി..കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്ര സര്ക്കാര് നീക്കം അവസാനിപ്പിക്കണമെന്നും  പദ്ധതി നടത്തിപ്പിലെ അവ്യക്തതകള് ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടാണ് എല്ഡിഎഫ് എം.പിമാര് റയില് ഭവനുമുന്നില് പ്രതിഷേധിച്ചത്.

പത്തുവർഷമായി കേരളം സ്വപ്നംകണ്ടിരുന്ന പാലക്കാട് കോച്ച് ഫാക്ടറി ഇല്ലാതാവുമെന്ന് തീർച്ചയാകുന്നു. കേരളത്തിന്റെ വികസനസ്വപ്നം എന്നതിലുപരി പൊതുമേഖലയിലോ, പൊതു-സ്വകാര്യ മേഖലയിലോ രാജ്യത്തിന് മുതൽക്കൂട്ടാവേണ്ടിയിരുന്ന ഒരു സ്ഥാപനമാണ് തറക്കല്ലിട്ടശേഷം യാഥാർഥ്യമാവാതെ വരുന്നത്. 

പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ), ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐ.ടി.ഐ), ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വർഷങ്ങളായി ലാഭത്തിലാണ്. വരും വർഷങ്ങളിൽ കൂടുതൽ തീവണ്ടിക്കോച്ചുകൾ ആവശ്യമുണ്ടെന്ന് റെയിൽവേ മന്ത്രി തന്നെ പറയുമ്പോഴാണ് അനുകൂല സാഹചര്യങ്ങളെല്ലാമുണ്ടായിട്ടും പാലക്കാട്ടെ കോച്ച് ഫാക്ടറി ഇപ്പോൾ കേന്ദ്രസർക്കാർ വേണ്ടെന്നു വെക്കുന്നത്.

 കഞ്ചിക്കോട് വ്യവസായമേഖലയ്കും കേരളത്തിനും തിരിച്ചടിയാവുകയാണ് റെയിൽവേയുടെ നിലപാട്.മികച്ചരീതിയിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോഴുണ്ടായ പ്രതിഷേധത്തെത്തുടർന്നാണ് 2008-2009 വർഷത്തെ ബജറ്റിൽ പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്.  349 ഏക്കർ ഏറ്റെടുത്ത് സംസ്ഥാനം റെയിൽവേക്കു കൈമാറുകയും ചെയ്തു. 

തറക്കല്ലിട്ടതോടെ യാഥാർഥ്യമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് ചുറ്റുമതിലിൽ ഒതുങ്ങിയത്. സ്വകാര്യ പങ്കാളിയെ കിട്ടുന്നില്ല എന്നാണ് പിന്നീട് റെയിൽവേ പറഞ്ഞത്. നിലവിൽ റെയിൽവേക്ക് കൂടുതൽ കോച്ചുകൾ ആവശ്യമില്ല എന്നും ഇപ്പോഴത്തെ ഫാക്ടറികളുടെ പ്രവർത്തനക്ഷമത കൂട്ടിയാൽ മതിയെന്നുമാണ് ഇപ്പോൾ റെയിൽവേ പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന ഹരിയാണയിൽ പുതിയ കോച്ച് ഫാക്ടറിക്കായി ശ്രമം തുടങ്ങിയതും വിവാദമായി.കോച്ച് ഫാക്ടറി വേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ സ്ഥലം റെയിൽവേയുടെ കൈവശം വെറുതേ കിടക്കുകയാണ് . ഇപ്പോൾ അനുകൂല ഘടകങ്ങളെല്ലാമുണ്ടായിട്ടും കോച്ച് ഫാക്ടറിയെന്ന വികസന സ്വപ്നം റെയിൽവേ ഉപേക്ഷിക്കുകയാണോ ? കേരളത്തിൻറെ സ്വപ്‍നം  സഫലമാകുമോ ?



പ്രൊഫ്. ജോൺ കുരാക്കാർ




Friday, 22 June 2018

ട്രംപിൻറെ കുടിയേറ്റവിരുദ്ധതയും മനുഷ്യത്വരഹിതവുമായ നടപടി.

ട്രംപിൻറെ കുടിയേറ്റവിരുദ്ധതയും
മനുഷ്യത്വരഹിതവുമായ നടപടി.
അനധികൃത കുടിയേറ്റം ചെറുക്കാനെന്നപേരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പാക്കുന്ന ‘സെപ്പറേഷൻ പോളിസിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതിയ നയം നിലവിൽവന്നതോടെ അമേരിക്ക മെക്സിക്കൻ അതിർത്തിയിൽനിന്ന് പിടികൂടുന്ന കുടിയേറ്റക്കാരെ നേരിട്ട് ജയിലിലടയ്ക്കുകയാണ്. ഒറ്റപ്പെട്ട ഇവരുടെ കുട്ടികളുടെ ദുരിതം അന്താരാഷ്ട്രമാധ്യമങ്ങളിൽ വാർത്തയായിരുന്നു.നൂറുകണക്കിന് കുട്ടികളാണ് പ്രത്യേകം വേർതിരിച്ച ഇരുമ്പുകൂടുകളിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടായിരത്തിലേറെ കുട്ടികൾ ഇത്തരത്തിൽ മാതാപിതാക്കളിൽനിന്നു വേർപെട്ടതായി ഔദ്യോഗികവൃത്തങ്ങളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട്ചെയ്തു.


 ട്രംപിൻറെ ഈ നടപടികൾക്കെതിരെ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും വലിയ  പ്രതിഷേധം നടന്നു .പ്രഥമവനിത മെലനിയ ട്രംപും പ്രസിഡന്റിന്റെ നയത്തിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. കുട്ടികളെ അച്ഛനമ്മമാരിൽനിന്ന് അകറ്റുന്നതിനെ താൻ വെറുക്കുന്നുവെന്നാണ് മെലനിയ പ്രതികരിച്ചത്.അതേസമയം, ക്രൂരവും അധാർമികവുമാണ് ഈ നീക്കമെന്നും തന്റെ ഹൃദയം തകർന്നുവെന്നും മുൻ പ്രഥമവനിത ലോറ ബുഷും പ്രതികരിച്ചു. ട്രംപിന്റെ നയത്തിനെതിരെ കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ കടുത്ത പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.അനധികൃത കുടിയേറ്റക്കാരിൽനിന്ന് കുട്ടികളെ വേർപ്പെടുത്തുന്ന അമേരിക്കയുടെ വേർപെടുത്തൽ നയത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെ ഈ നടപടി അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കി.


പുതിയ ഉത്തരവനുസരിച്ച് കുട്ടികളെ രക്ഷിതാക്കളിൽനിന്ന് അകറ്റില്ല.എന്നാൽ, അനധികൃതമായി കുടിയേറിവരെ ഫെഡറൽ കസ്റ്റഡിയിൽ സൂക്ഷിക്കുകയും കുടിയേറ്റ നിയമം ലംഘിച്ചതിന് നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്കുടിയേറ്റ കുടുംബത്തിൽപ്പെട്ട രക്ഷിതാക്കളിൽനിന്ന് അകറ്റിനിർത്തപ്പെട്ട പിഞ്ചുകുട്ടി കരയുന്ന ചിത്രം മാധ്യമങ്ങളിൽ വന്നതോടെയാണ്  അമേരിക്കയിൽ  പ്രതിഷേധം ഉയർന്നത് . സാർവദേശീയമായി ഉയർന്ന ജനരോഷമാണ് , വെള്ളമേധാവിത്വനയത്തിന്റെ ഭാഗമായി ട്രംപ് സ്വീകരിച്ച കർക്കശമായ കുടിയേറ്റവിരുദ്ധതയും തുടർന്ന് കൈക്കൊണ്ട ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടികൾ ഉപേക്ഷിക്കാൻ കാരണമായത് . മുലയൂട്ടുന്ന അമ്മയിൽനിന്ന് കുഞ്ഞിനെ ബലംപ്രയോഗിച്ച് മാറ്റുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് ട്രംപിനെതിരെ ജനരോഷം അണപൊട്ടിയൊഴുകിയത്. ‘പപ്പാ പപ്പാ' എന്ന് വിളിച്ച് അലമുറയിടുന്ന ഒരു കുട്ടിയുടെ ദൃശ്യം വാർത്താ ഏജൻസിയും പുറത്തുവിട്ടു.


അവശ്യമായ രേഖകളില്ലാതെ കുടിയേറുന്നവരെ ശിക്ഷിക്കാൻ അമേരിക്കൻ നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ, കുട്ടികളെ ജയിലിലിടാൻ നിയമം അനുവദിക്കുന്നുമില്ല. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താൻ നിയമം അനുശാസിക്കുമ്പോൾ കുടുംബത്തെ വേർപെടുത്തേണ്ട ആവശ്യമില്ലതാനും. എന്നിട്ടും ട്രംപ് ഈ രീതി അവലംബിക്കാനുള്ള കാരണം നവംബറിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പാണ്. കുടിയേറ്റത്തോട് കണ്ണിൽചോരയില്ലാത്ത സമീപനം സ്വീകരിച്ച് വെള്ള മേധാവികളുടെ പിന്തുണ അരക്കിട്ടുറപ്പിക്കാനും അവരുടെ വോട്ടുകൾ നേടുകയുമാണ് ട്രംപിന്റെ ലക്ഷ്യം.എന്നാൽ, രാഷ്ട്രീയനേട്ടത്തിനായി കുട്ടികളെ ഉപകരണമാക്കുന്നതിനെതിരെ സ്വന്തം പാർടിയിൽനിന്നു മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളിൽനിന്നും  ട്രംപിനെതിരെ കടുത്ത വിമർശനമുയർന്നു  ഫ്രാൻസിസ് മാർപാപ്പയും അമേരിക്കൻ നടപടിയെ വിമർശിച്ചു.കൂടാതെ  യുഎൻ മനുഷ്യാവകാശ ഹൈകമീഷണറും അമേരിക്കൻ സർക്കാരിന്റെ നയത്തെ വിമർശിച്ചു. ലോകമെമ്പാടും പ്രതിഷേധം അലയടിക്കവെയാണ് ട്രംപിന് തീരുമാനം മാറ്റേണ്ടിവന്നത്..എടുത്തുചാടിയുള്ളഅമേരിക്കൻ പ്രസിഡന്റ്   ട്രംപിന്റെ തീരുമാനം എപ്പോഴും മാറ്റേണ്ടതായി തന്നെ വരും .



പ്രൊഫ്. ജോൺ കുരാക്കാർ

Thursday, 21 June 2018

കശ്മീരിൽ ജനാധിപത്യ പ്രക്രിയകൾക്ക് തിരിച്ചടി.

കശ്മീരിൽ  ജനാധിപത്യ പ്രക്രിയകൾക്ക് തിരിച്ചടി.
ജമ്മു കശ്മീരിലെ പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു.  ഇതിന് പിന്നാലെ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഗവർണർക്ക് രാജിക്കത്ത് കൈ മാറി. 2014ലെ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ജമ്മു കശ്മീരിൽ ബിജെപി-പിഡിപി സഖ്യം രൂപീകരിക്കുന്നത്.ബിജെപിക്ക് ഇനി പിഡിപിയുമായി ബന്ധം തുടരാനാകില്ല. ഭീകരവാദവും അക്രമവും വളരെയധികം വർധിച്ചിരിക്കുകയാണ്. പൗരന്മാരുടെ അടിസ്ഥാനവകാശങ്ങൾ അപകടത്തിലാണെന്നും  പിന്തുണ പിൻവലിച്ച് കൊണ്ട് ബിജെപി നേതാവ് റാം മാധവ് വ്യക്തമാക്കി.മെഹ്ബൂബ മുഫ്തി സർക്കാർ രാജിവയ്ക്കുകയും ബദൽ സർക്കാർ രൂപീകരണത്തിനു മറ്റു കക്ഷികളാരും തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തു തൽക്കാലം ഗവർണർ ഭരണമല്ലാതെ വേറെ വഴിയില്ല.

രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം കൂടുതൽ സങ്കീർണതയിലേക്കാണു പതിച്ചിരിക്കുന്നത് .കശ്മീരിലെ ഒന്നേകാൽ കോടി ജനങ്ങൾ മാത്രമല്ല, രാഷ്ട്രം മുഴുവൻ ആ സംസ്ഥാനത്തിന്റെ ഇനിയുള്ള വിധി ഉറ്റുനോക്കുകയാണ്.ബി.ജെ .പി ,പി ഡി പി സഖ്യഭരണം നാടകീയമായി അവസാനിക്കുമ്പോൾ കശ്മീരിൽ കാണുന്നതു തികച്ചും വിസ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ്. പാക്കിസ്ഥാനിൽനിന്നു നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രത്തിൽപോലും തീവ്രവാദികൾ കടന്നുകയറുന്നതും കാണേണ്ടി വന്നു. ഏറ്റവുമൊടുവിൽ, മുതിർന്ന മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെ കൊലപാതകം വരെയെത്തിയ അക്രമപരമ്പരകൾ കശ്മീർ നേരിടുന്ന ദുർഘടസന്ധി വ്യക്തമാക്കുന്നു.

കശ്മീരിൽ ഭീകരവാദം വളർന്നുകൊണ്ടിരിക്കുകയാണെന്നും സമാധാനം കൈവരിക്കാൻ സർക്കാരിനു പ്രതീക്ഷിച്ചതുപോലെ കഴിഞ്ഞില്ല എന്നുമാണ്  ബിജെപി പറയുന്നത്.ഇക്കഴിഞ്ഞ നാലു വർഷത്തിനിടയിൽ പാക്കിസ്ഥാനുമായി കൃത്യമായൊരു സംഭാഷണം നടത്താനോ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനോ കേന്ദ്ര സർക്കാരിനു കഴിഞ്ഞിട്ടില്ല.ഒരു ജനാധിപത്യ സർക്കാർ അവിടെ ഭരണത്തിൽ ഇരിക്കണമെന്നുതന്നെയാണു ജനം ആഗ്രഹിക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷിയായ നാഷനൽ കോൺഫറൻസ് ഇപ്പോൾതന്നെ ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

സങ്കീർണമായ സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനത്ത് എത്രയുംവേഗം സുസ്ഥിര ഭരണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതു കേന്ദ്ര സർക്കാരിന്റെ കടമയാണുതാനും.രാഷ്ട്രീയകാരണങ്ങൾഎന്തൊക്കെയായാലും ജമ്മു കശ്മീർ  സർക്കാരിന്റെ പതനവും അവിടെ ഏർപ്പെടുത്തിയ ഗവർണർഭരണവും ജനാധിപത്യ പ്രക്രിബന്ധമുണ്ട് യകൾക്ക് തിരിച്ചടിതന്നെയാണ്‌ .പാകിസ്താനുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ ഈ പ്രദേശത്തെ രാഷ്ട്രീയ മാറ്റംമറിച്ചിലുകൾക്ക് ദേശീയ രാഷ്ട്രീയവുമായും അന്താരാഷ്ട്ര രാഷ്ട്രീയവുമായും ബബന്ധ മുണ്ട്. റംസാൻകാലത്തെ വെടിനിർത്തൽ പിൻവലിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമാണ്  വഴിപിരിയലിനു കാരണമായതെന്ന് പറയുന്നു .

മൂന്നു മേഖലകളാണ് ജമ്മുകശ്മീരിലുള്ളത്. ഇതിൽ കശ്മീർ താഴ്വര മുസ്ലിം ഭൂരിപക്ഷപ്രദേശവും ജമ്മു മേഖല ഹിന്ദു ഭൂരിപക്ഷ പ്രദേശവുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കശ്മീർ താഴ്വര പി.ഡി.പി.ക്കൊപ്പവും ജമ്മു മേഖല ബി.ജെ.പി.ക്കൊപ്പവും നിന്നു. എന്നാൽ സഖ്യം രൂപവത്കരിച്ചതിനെതിരേ ഇരുപാർട്ടികൾക്കും തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ കടുത്ത എതിർപ്പ് നേരിടേണ്ടിവരുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും ജമ്മുകശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ  ഉണ്ടെങ്കിൽ ഭാരതത്തിനു ലോകരാജ്യങ്ങളുടെയിടയിൽ അഭിമാനത്തൊടെ നിൽക്കാനാകും .



പ്രൊഫ്. ജോൺ കുരാക്കാർ

ഫയലുകൾ കാണാതാകുന്ന നീതിന്യായ കേന്ദ്രങ്ങൾ

ഫയലുകൾ കാണാതാകുന്ന നീതിന്യായ കേന്ദ്രങ്ങൾ
ഹൈക്കോടതിയിൽനിന്ന് സുപ്രധാന ഫയലുകളും  മറ്റു രേഖകളും ‘കാണാതാകുന്നതെങ്ങനെ ?   നീതിന്യായ കേന്ദ്രങ്ങളിൽ നിന്ന് നീതി ലഭിക്കുന്നില്ല  ഫയലുകൾ പോലും കാണുന്നില്ല  .’പൊതുമേഖലാസ്ഥാപനമായ പാലക്കാട്ടെ മലബാർ സിമന്റ്സിലെ അഴിമതിയെപ്പറ്റിയുള്ള മൂന്ന് ഹർജികളുടെ ഫയലുകളാണ് സംസ്ഥാനത്തെ പരമോന്നത നീതിപീഠമായ ഹൈക്കോടതിയിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. മലബാർ സിമന്റ്സിന്റെ മുൻ ചെയർമാനും ഡയറക്ടർമാർക്കുമെതിരേയുള്ള മൂന്ന് വിജിലൻസ് കേസുകളിൽ കുറ്റവിചാരണ നടത്താനുള്ള അനുമതി നിഷേധിച്ചതിനെതിരേ ഒരു പൗരാവകാശസംഘടന നൽകിയ ഹർജിയും ആ കേസുകളെപ്പറ്റി സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പൗരാവകാശപ്രവർത്തകരും സംഘടനയും നൽകിയ ഹർജികളുമാണ് കാണതെപോയിരിക്കുന്നത് .

മലബാർ സിമന്റ്സിലെ മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനെയും രണ്ടു മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തെത്തുടർന്നാണ് അവിടത്തെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തുവന്നത്. ആത്മഹത്യയാണെന്ന് സി.ബി. ഐ. കണ്ടെത്തിയ ആ ദുരന്തങ്ങൾക്കു കാരണം മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് അതിശക്തമായ ആരോപണങ്ങളും പരാതികളുമുണ്ടായിരുന്നു. അവയെപ്പറ്റി സി.ബി.ഐ.തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികളാണ് ഹൈക്കോടതിയിൽനിന്നു കാണാതെപോയിരിക്കുന്നത്. ഹൈക്കോടതിയിൽനിന്ന് വ്യവഹാരരേഖകൾ കാണാതാക്കപ്പെടുന്ന സംഭവം. നീതിയും ന്യായവും നടപടികളുടെ വ്യക്തതയും ഉറപ്പാക്കാനുള്ള ഫയൽ സൂക്ഷിക്കൽ സമ്പ്രദായവും അതിന്റെ രഹസ്യാത്മകതയും സുരക്ഷിതത്വവും സ്വാധീനതയുള്ളവർക്കു നിസ്സാരമായി അട്ടിമറിക്കാമെന്ന് ഇതിൽനിന്നു വ്യക്തമാകുന്നു.

ഏറെ വിവാദങ്ങളുയർത്തിയ കേസാണു മലബാർ സിമന്റ്സുമായി ബന്ധപ്പെട്ടുള്ളത്.മലബാർ സിമന്റ്സിന്റെ കന്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം കൊലപാതകമാണെന്ന ആരോപണവും ഉയർന്നിരുന്നു.ഇവരുടെ മരണം ആത്മഹത്യയായിരുന്നുവെന്നായിരുന്നു സിബിഐ റിപ്പോർട്ട്. എന്നാൽ മരണത്തിലേക്കു നയിച്ചത് സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിയാണെന്ന പരാതി സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതെക്കുറിച്ചു വീണ്ടും അന്വേഷണത്തിനു ശശീന്ദ്രന്റെ സഹോദരൻ ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫയലുകൾ കാണാതായ സംഭവം വലിയ സംശയം ഉളവാക്കുന്നു. ഈ ഫയലുകൾ മലബാർ സിമന്റ്സിലെ പല അഴിമതികളിലേക്കും വെളിച്ചംവീശുമെന്നാണു പറയപ്പെടുന്നത്. അതു തടയുക എന്ന ലക്ഷ്യത്തോടെ ആരോ ഫയലുകൾ മോഷ്ടിച്ചതാണെന്നു സംശയിക്കണം.

രാജ്യത്തെ വിവിധ കോടതികളിലായി കോടിക്കണക്കിനു രേഖകളാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. പല കീഴ്ക്കോടതികളിലും കേസ് ഫയലുകൾ സൂക്ഷിക്കാൻ വേണ്ടത്ര സംവിധാനമില്ല. കേരളത്തിലെ കാലാവസ്ഥയിൽ കടലാസു ഫയലുകൾക്കു പെട്ടെന്നു കേടുപാടുണ്ടാകാൻ സാധ്യതയുണ്ട്. കോടതിരേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കുറ്റമറ്റ സംവിധാനം അത്യന്താപേക്ഷിതമാണ്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമുള്ള സ്ഥലത്തുനിന്നു കേസുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടുവെന്നതാണ്. അതും സംസ്ഥാനത്തെ ഉന്നത നീതിപീഠത്തിന്റെ തീർപ്പിനായി കാത്തിരിക്കുന്ന കേസിന്റെ ഫയലുകളാണു നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് അക്ഷന്തവ്യമായ തെറ്റാണ്.

കോടതി രേഖകൾ സൂക്ഷിക്കുന്ന സ്ഥലത്ത് എല്ലാവർക്കും പ്രവേശനം ഇല്ല. അവ സൂക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കു മാത്രമേ അവിടെ കടന്നുചെല്ലാനാവൂ. അതുകൊണ്ടുതന്നെ കോടതിക്ക് അകത്തുള്ളവർ അറിയാതെ ഫയലുകൾ അപ്രത്യക്ഷമാവാനോ അവയ്ക്കു സ്ഥാനഭ്രംശം സംഭവിക്കാനോ സാധ്യതയില്ല.കോടതികളുടെ സുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന സംഭവമാണിപ്പോൾ നടന്നിരിക്കുന്നതെന്നു സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി. രേഖകൾ സൂക്ഷിക്കുന്നതിന് എല്ലാ കോടതികളിലും കുറ്റമറ്റ ക്രമീകരണം ഉണ്ടാകണം. നീതിന്യായ കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് നീതി ലഭിക്കണം .



പ്രൊഫ്. ജോൺ കുരാക്കാർ

Tuesday, 19 June 2018

ദാസ്യവേല ചെയ്യേണ്ടിവരുന്ന പോലീസുകാരുടെ ദയനീയസ്ഥിതി

ദാസ്യവേല ചെയ്യേണ്ടിവരുന്ന പോലീസുകാരുടെ ദയനീയസ്ഥിതി
അടിമത്തത്തിനും വിവേചനങ്ങൾക്കുമെതിരേ ഒരു നൂറ്റാണ്ടിനുമുമ്പേ തന്നെ സമരംചെയ്‌ത്‌ ,സാമൂഹികമായ തുല്യത നേടിയ  കേരളത്തിൽ അടിമത്വമോ ? ഉന്നതവിദ്യാഭ്യാസം നേടിയവരാണ് നമ്മുടെ പോലീസുകാരിൽ ഭൂരിപക്ഷവും. മത്സരപ്പരീക്ഷയും കായികക്ഷമതാപരീക്ഷയും ജയിച്ച് നിയമാനുസൃതം തൊഴിൽനേടിയ അവരെ ഭൃത്യവേലയ്ക്കുപയോഗിക്കുന്നത് അപരിഷ്കൃതത്വമാണ്.കേരളത്തിന്റെ സാമൂഹികസങ്കല്പത്തിന്  വിലകല്പിക്കാത്ത ഏതാനും പോലീസ് പ്രമാണിമാർക്കു ജന്മിത്തം ചമയാനുള്ള ഇടമായി പോലീസുകാരുടെ ജീവിതം മാറിക്കൂടാ. ഒരു കാരണവശാലും നമ്മുടെ പോലീസുകാർ ഭൃത്യവേലയ്ക്ക്  വഴങ്ങരുത്.പട്ടാളത്തിലെയും പോലീസിലെയും മേധാവികൾക്ക് സുരക്ഷയ്ക്കും സഹായികളായും താഴത്തട്ടിലുള്ള ജീവനക്കാരെ നിയോഗിക്കുന്നതിന് ബ്രിട്ടീഷ് അധിനിവേശഭരണകാലത്തോളം പഴക്കമുണ്ട്.
അടുത്തകാലത്തായി കേരളാപൊലീസിനെതിരെ നിരന്തരം ആരോപണങ്ങള് ഉയര്ന്നുകൊണ്ടിരിക്കുകയാണ് . മുകള് തട്ട് മുതല് താഴെ തട്ട് വരെ പൊലീസ് സംവിധാനം കുത്തഴിഞ്ഞു കിടക്കുകയാണെന്ന് ജനങ്ങൾ വിശ്വസിക്കതക്ക രീതിയിലാണ്  സംഭവങ്ങൾ നീങ്ങുന്നത് .എ.ഡി.ജി.പി സുധേഷ്കുമാര് പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ചെന്ന ഇന്റലിജന്സ് റിപ്പോര്ട്ട് പുറത്തുവന്നതോടെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പൊലീസുകാരെക്കൊണ്ട് വിടുവേല ചെയ്യിപ്പിക്കുന്നതിന്റെ നാറുന്ന കഥകള്ക്കാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വീട്ടിലെ മരാമത്ത് പന്ന ണികള്, ഏമാന്മാരുടെ ഭാര്യമാരെയും മക്കളേയും അവര് പറയുന്നിടങ്ങളിലെല്ലാം കൊണ്ടു പോകല്, വളര്ത്തു മൃഗങ്ങള്ക്ക് തീറ്റവാങ്ങിക്കൊടുക്കല്, അവറ്റകളെ കുളിപ്പിക്കല് തുടങ്ങിയ സേവനങ്ങളാണ് ഇത്തരം പൊലീസുകാര് ചെയ്ത് തീര്ക്കേണ്ടത്. പോലീസ് ഡ്രൈവർ ഗവാസ്കര് മാധ്യമങ്ങളോട്  എല്ലാം തുറന്നു പറഞ്ഞു .
.ഉന്നതോദ്യോഗസ്ഥരും ഭരണാധികാരികളും സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ടു വീട്ടുവേലയും ദാസ്യവേലയും ചെയ്യിക്കുകയെന്നതു തികച്ചും നിന്ദ്യമായ കാര്യമാണ്. ചില ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതാക്കൾക്കും ഇങ്ങനെയൊരു സ്വഭാവമുള്ളതായി പരക്കെ പറയപ്പെടുന്നു . ഇത്തരം ദാസ്യ ജോലികൾക്കായി നിയോഗിക്കപ്പെട്ട ആറായിരത്തോളം ജീവനക്കാരുണ്ടെന്നു വർഷങ്ങൾക്കു മുന്പ് ഒരു ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ചെന്ന ആരോപണം കേരാളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ് .. പ്രഭാതസവാരിക്കു എഡിജിപിയുടെ മകളുമായിപോയ പോലീസ് ജീപ്പിന്റെ ഡ്രൈവർക്ക് വഴിയിൽ വച്ചുണ്ടായ തർക്കത്തെത്തുടർന്നു യുവതിയിൽനിന്നു മൊബൈൽ ഫോൺകൊണ്ടു കഴുത്തിൽ ഇടിയേറ്റെന്നാണു പരാതി.
വിരമിച്ച ഐപിഎസുകാരുടെ വീടുകളിൽപോലും മൂന്നും നാലും പോലീസുകാരെ സഹായികളായി നിയമിക്കാറുണ്ടത്രേ..പട്ടാളത്തിലും ഇത്തരം ദാസ്യവേല ഉണ്ട്. ഉന്നത സൈനിക ഓഫീസർമാർക്കുവേണ്ടി വീട്ടുജോലി ചെയ്യാൻ താഴ്ന്ന റാങ്കിലുള്ള പട്ടാളക്കാരെ ഉപയോഗിക്കാറുണ്ട്. ഇതിനെതിരേ പോരാടിയ ചിലർക്കു ജോലി നഷ്ടപ്പെട്ടു. കർശനമായ അച്ചടക്കം ആവശ്യമുള്ള സേനയിൽ ഇത്തരം ജോലികളിൽ നിയോഗിക്കപ്പെടുന്നവർക്ക് അനുസരിക്കുകയല്ലാതെ ഗത്യന്തരമില്ല.ഐപിഎസും ഐഎഎസുമൊക്കെ കിട്ടിക്കഴിഞ്ഞാൽ തങ്ങൾക്ക് എന്തും ചെയ്യാൻ അധികാരമുണ്ടെന്നൊരു തോന്നൽ ചിലർക്കെങ്കിലുമുണ്ട്. അവരുടെ ആ തെറ്റിദ്ധാരണ സർക്കാർ മാറ്റണം.കീഴ്‌ജീവനക്കാരെ ദാസ്യവൃത്തി ചെയ്യിക്കുന്ന ഉദ്യോഗസ്ഥർക്കു പോലീസ് ആക്ട് പ്രകാരം ആറുമാസത്തെ തടവുശിക്ഷ ലഭിക്കാം. ഐപിഎസുകാർക്ക് ഇതെല്ലാം അറിയാമെന്നിരിക്കേ കീഴുദ്യോഗസ്ഥരെ നികൃഷ്ടജോലികൾക്കു നിയോഗിക്കുന്നതു തങ്ങളെ ശിക്ഷിക്കാൻ ആരും വരില്ലെന്ന ഉറപ്പുകൊണ്ടാകണം.ഉന്നത ഉദ്യോഗസ്ഥരുടെ ഈ ധാരണ മാറണം അല്ലെങ്കിൽ സർക്കാർ മാറ്റണം .

പ്രൊഫ്. ജോൺ കുരാക്കാർ

Monday, 18 June 2018

കാലവര്ഷക്കെടുതിനേരിടാൻ സർക്കാർ തയാറാകേണ്ടിയിരിക്കുന്നു.

കാലവര്ഷക്കെടുതിനേരിടാൻ സർക്കാർ തയാറാകേണ്ടിയിരിക്കുന്നു.

കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പല പ്രകൃതിദുരന്തങ്ങളെയും പ്രതിരോധിക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്തുവാൻ സർക്കാർ സംവിധാനങ്ങൾക്ക് വേണ്ടവിധം സാധിച്ചോ എന്ന് വിലയിരുത്തുന്നത് നല്ലതാണ് .ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചു മുൻകൂട്ടി അറിയുന്നതിലും അപകടസന്ദേശം നൽകുന്നതിലുമുണ്ടായ വീഴ്ചയിൽനിന്നു നാം പാഠം പഠിക്കേണ്ടതായിരുന്നു. അപകടമുണ്ടാകുന്ന ഏതു സ്ഥലത്തും കുറഞ്ഞ സമയത്തിനകം എത്തിച്ചേരാൻ  ദുരന്തനിവാരണ സേനയ്ക്ക് കഴിയണം . പ്രകൃതിദുരന്തങ്ങളായാലും അപകടങ്ങളായാലും എത്രയുംവേഗം രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി ആശ്വാസം എത്തിക്കേണ്ട സർക്കാർ സംവിധാനങ്ങൾ നിസ്സഹായമായി നിൽക്കുന്ന കാഴ്ച ഇനിയും ആവർത്തിച്ചുകൂടാ.

സംസ്ഥാനത്തു കടൽക്ഷോഭം രൂക്ഷമാകുന്ന ഇപ്പോഴത്തെ ദുർഘടസാഹചര്യവും സർക്കാരിനു മുന്നിലുണ്ടാവണം.കാലവര്ഷം കനത്തതോടെ സംസ്ഥാനത്ത് കടല്ക്ഷോഭവും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ്.മലയോര മേഖല ഉരുള്പൊട്ടലിന്റെ ഭീതിവിട്ടുമാറാതെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. ഇവിടങ്ങളില് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിത്യദുരന്തമായി മാറിയിരിക്കുകാണ്.  താമരശേരിയിലുണ്ടായ ഉരുള്പൊട്ടലില് ജീവഹാനിയടക്കം വന് നാശനഷ്ടമാണ് ഉണ്ടായത്. കൊടുങ്ങല്ലൂരില് അഞ്ചു വീടുകള് ഒഴുകിപ്പോയി. ഈ വീടുകളിലെ പതിനാറോളം പേരെ കാണാതായതായും സംശയമുണ്ട്. കോഴിക്കോട്ട് ഉരുള്പൊട്ടല് ഭീഷണിയെ തുടര്ന്ന് അഞ്ഞൂറോളം പേരെയാണ് മാറ്റിപാർപ്പിച്ചത്.പ്രകൃതിക്ഷോഭ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള തയാറെടുപ്പുകൾ മുൻകൂട്ടി നടത്തുന്നതിൽ നമുക്കെന്നും അമാന്തംതന്നെ.. കടൽ പ്രക്ഷുബ്ധമാണ്. ട്രോളിംഗ് നിരോധനം നിലവിലുള്ളതിനാൽ തീരപ്രദേശത്തു ഇല്ലായ്മയുടെ നാളുകളാണ്.

. തീരവാസികൾ ദുരിതത്തിലാവുന്ന ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ ആശ്വാസപ്രവർത്തനങ്ങൾ നടത്താൻ അലംഭാവം കാട്ടരുത്.ദുരന്തമുണ്ടായശേഷം ദുരിതാശ്വാസം എത്തിക്കുന്ന പഴഞ്ചൻ രീതിക്കുപകരം മുന്നറിവ്, തയാറെടുപ്പ്, ദുരിതനിവാരണം എന്നിങ്ങനെയുള്ള ശാസ്ത്രീയരീതിയിലേക്കു പൂർണമായും മാറാൻ നാം ഇപ്പോഴേ വൈകിക്കഴിഞ്ഞു. ദുരന്തസാധ്യതകൾ കണ്ടെത്തുക, ആധുനിക ഉപകരണങ്ങൾ സജ്ജീകരിക്കുക, ഓരോ സാഹചര്യത്തിനും അനുയോജ്യമായ പരിശീലനം സിദ്ധിച്ച കർമസേനയെ രൂപീകരിക്കുക, ഇടയ്ക്കിടെ ട്രയൽ നടത്തി ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക തുടങ്ങിയവയാണ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ.

മൺസൂൺ ടൂറിസം വളർന്നുവരുന്ന ഇക്കാലത്ത് , വളരെ ശ്രദ്ധ ആവശ്യമാണ് കായലുകളിലും മലയോരങ്ങളിലും മഴക്കാഴ്ച കാണാൻ എത്തുന്നവർ ഓരോ പ്രദേശത്തെയും അപകടക്കെണികളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരിക്കണം. അവർക്കുവേണ്ട മുന്നറിയിപ്പുകൾ തദ്ദേശസ്ഥാപനങ്ങളും സർക്കാരും നൽകണം. അപകടസാധ്യതയുള്ള ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷാപ്രവർത്തകരെ നിയോഗിക്കണം. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഇപ്പോഴും അധികൃതരുടെ രക്ഷാഹസ്തങ്ങൾ പതറുകയും അന്ധാളിപ്പോടെ നോക്കിനിന്നു വിലപ്പെട്ട സമയം പാഴാക്കിക്കളയുകയും ചെയ്യുന്ന പതിവ് കരിഞ്ചോലയിലും കാണാനായതു നിർഭാഗ്യകരംതന്നെ. നാട്ടുകാർ ഇവിടെ നടത്തിയ രക്ഷാദൗത്യത്തെക്കുറിച്ച് എടുത്തുപറയുകയുംവേണം.ദുരന്തനിവാരണസേനയെ   എപ്പോഴും തായാറാക്കി നിർത്താൻ സർക്കാരിനു കഴിയണം .



പ്രൊഫ്. ജോൺ കുരാക്കാർ


Thursday, 14 June 2018

വിദഗ്ദ്ധരുടെ നിയമനം സ്വജനപക്ഷപാതത്തിനുംഅഴിമതിക്കും ഇടയാക്കും

വിദഗ്ദ്ധരുടെ നിയമനം സ്വജനപക്ഷപാതത്തിനുംഅഴിമതിക്കും ഇടയാക്കും
കേന്ദ്രസർക്കാരിൽ ജോയിന്റ് സെക്രട്ടറി തലത്തിൽ അഖിലേന്ത്യാ സർവീസിൽനിന്നുള്ളവരല്ലാത്ത വിദഗ്ധരെ ചുരുങ്ങിയ കാലത്തേക്കു നിയമിക്കാനുള്ള തീരുമാനം  വലിയ ആശങ്കളാണ്  സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത് . .നീതി ആയോഗിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നു സർക്കാർ പറയുന്നു.ഐഎഎസുകാർ കൈകാര്യം ചെയ്തിരുന്ന ഇത്തരം സ്ഥാനങ്ങളിലേക്കു പുറത്തുനിന്നുള്ളവർ വരുന്പോൾ നിലവിലെ ബ്യൂറോക്രസിയുടെ കടുത്ത എതിർപ്പ് ഉയർന്നേക്കാം.കഴിവുള്ളവർ ധാരാളം പേർ ഭാരതത്തിലുണ്ട് .

 എല്ലാം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൈകളിൽ മാത്രമാണു ഭദ്രം എന്നു കരുതുന്നതിൽ അർഥമില്ല. വിവിധങ്ങളായ വെല്ലുവിളികൾ ഏറ്റെടുക്കാനും അവയ്ക്കു യുക്തമായ പരിഹാരങ്ങൾ കണ്ടെത്താനും സാധിക്കുന്ന ഉദ്യോഗസ്ഥനേതൃത്വം ഉണ്ടായിവരണം .രാജ്യത്തെ കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നതമായ ജോയിന്റ്്സെക്രട്ടറി തസ്തികകളിലേക്ക് പത്ത് വ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.വിവിധ മേഖലകളിൽ പ്രത്യേക പരിശീലനം നേടിയവരെയും കഴിവു തെളിയിച്ചവരെയും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനാണു നിർദേശം. സിവിൽ സർവീസിനു പുറത്ത് വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്കു തങ്ങളുടെ മികവ് രാജ്യത്തിനുവേണ്ടി കുറഞ്ഞൊരു കാലയളവിലേക്ക് ഉപയോഗിക്കാൻ ഇങ്ങനെ അവസരം ലഭിക്കും.

മൂന്നു മുതൽ അഞ്ചുവരെ വർഷം കരാർ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെടുന്നവർ പതിനഞ്ചു വർഷമെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്വകാര്യ കന്പനികളിലോ പ്രവൃത്തിപരിചയമുള്ളവരായിരിക്കണം. സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും രാജ്യാന്തര സംഘടനകളിലും പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാനാവും. നാല്പതു വയസു കഴിഞ്ഞ ബിരുദധാരികളെയാണു പരിഗണിക്കുക. പ്രത്യേക സിലക്ഷൻ കമ്മിറ്റിയാണിവരെ തെരഞ്ഞെടുക്കുക.

അനുഭവസന്പത്തും പ്രത്യേക വൈദഗ്ധ്യവുമുള്ള നിരവധി ഇന്ത്യക്കാർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. അവരിൽ ചിലർക്കെങ്കിലും ജന്മനാടിനുവേണ്ടി ചെറിയൊരു കാലയളവിൽ പ്രതിഫലത്തിന്റെ വലുപ്പം നോക്കാതെ സേവനം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അതിനു നിയമപരമായൊരു വ്യവസ്ഥയോടുകൂടി ഏർപ്പാടുണ്ടാക്കുന്നതിന്റെ നല്ല വശം നമുക്കു കാണാതിരിക്കാനാവില്ല.  ഇത് കാലക്രമേണ സ്വജന പക്ഷപാതത്തിലേക്കും അഴിമതിയിലേക്കും തിരിയാൻ സാധ്യതയുണ്ട് .സർക്കാരിൻറെ  ഈ തീരുമാനം രാഷ്ട്രീയ വിവാദങ്ങൾക്കും നിയമവ്യവഹാരങ്ങൾക്കും വഴിവയ്ക്കാനിടയുള്ള താണ് .



പ്രൊഫ്. ജോൺ കുരാക്കാർ


Wednesday, 13 June 2018

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർ.എസ്.എസ്.ആസ്ഥാനത്തുനടത്തിയ പ്രസംഗം

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർ.എസ്.എസ്.ആസ്ഥാനത്തുനടത്തിയ പ്രസംഗം
ഭാരതത്തിന്റെ ആത്മാവ്  കുടികൊള്ളുന്നത് അതിന്റെ വൈവിധ്യങ്ങളിലും സഹിഷ്ണുതാമനോഭാവത്തിലുമാണ്. മതേതരത്വവും ഉൾക്കൊള്ളലും നമുക്ക് ഒരു വിശ്വാസം പോലെ പവിത്രമാണ്. സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഷകളുടെയും ബഹുസ്വരസവിശേഷതയാണ്  ഇന്ത്യയെ വേറിട്ടതാക്കുന്നത്. നാം ശക്തി സ്വരൂപിക്കുന്നത് സഹിഷ്ണുതയിൽ നിന്നുമാണ്. വൈവിധ്യങ്ങളെ നാം ഉദ്ഘോഷിക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ സമൂഹമനസ്സാക്ഷിയുടെ ഭാഗമാണവയെല്ലാം. ഏതെങ്കിലും തത്ത്വശാസ്ത്രത്തിന്റെയോ  മതത്തിന്റെയോ. പ്രദേശത്തിന്റെയോ അടിസ്ഥാനത്തിലോ, അഥവാ വെറുപ്പിന്റെയോ അസഹിഷ്ണുതയുടെയോ അടിസ്ഥാനത്തിലോ ദേശീയതയെ നിർവചിക്കാൻ ശ്രമിക്കുന്നത് നാം സ്വരൂപിച്ച ദേശീയാസ്തിത്വത്തെ ജീർണിപ്പിക്കുന്നതിന് തുല്യമായിരിക്കും. ഇന്ത്യൻ ദേശീയത ഏതെങ്കിലും ഒരു മതത്തെയോ ഭാഷയെയോ, ശത്രുവിനെയോ മുൻനിർത്തിയുള്ള ഒന്നല്ല. അത്  122 ഭാഷകളും അതിന്റെ ഭേദങ്ങളും നിത്യേന വാമൊഴിയുന്ന, ഏഴു മതങ്ങൾ ശീലിക്കുന്ന,  ആര്യ ദ്രാവിഡ മംഗോളിയൻ ജനകോടികൾ ഒരു കുടക്കീഴിൽ, ഭാരതീയനെന്ന ഒറ്റ അസ്തിത്വത്തിൽ ശത്രുതയില്ലാതെ ജീവിക്കുന്ന  അനുസ്യൂതമായ സാർവലൗകികതയാണ്.

ഭാരതത്തെ ഒരേസമയം വൈവിധ്യപൂർണമാക്കുന്നതും ഏകമാക്കുന്നതും  ഇതു തന്നെ.’മുസ്ലിംകളും ക്രൈസ്തവരും ഉള്പ്പെടെ എല്ലാവരും ഈ മണ്ണിന്റെ മക്കളാണെന്ന് പ്രണബ് ആര്.എസ്.എസ്. ആസ്ഥാനത്തു ചെന്ന് ഓര്മിപ്പിച്ചു .. മതത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില് രാജ്യത്തെ വ്യാഖ്യാനിക്കാനുള്ള ഏത് ശ്രമവും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുള്ളൂ. മത നിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മത നിരപേക്ഷത ഇന്ത്യയുടെ മതമാണ്. .മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസംഗം  ക്രിയാത്മകമായ  ഒരു സംവാദത്തിന്റെ വാതിലുകൾ തുറന്നിട്ടാൽ രാജ്യത്തിനതു പ്രയോജനം ചെയ്യും ..


പ്രൊഫ്. ജോൺ കുരാക്കാർ

Tuesday, 12 June 2018

സിംഗപ്പൂരിൽ നടന്ന ട്രംപ് – കിം ഉച്ചകോടി ലോകസാമാധാനത്തിനു വഴിയൊരുങ്ങട്ടെ .

സിംഗപ്പൂരിൽ നടന്ന ട്രംപ്കിം ഉച്ചകോടി ലോകസാമാധാനത്തിനു വഴിയൊരുങ്ങട്ടെ .
ലോകത്തെ മുൾ മുനയില് നിര്ത്തിയ രാഷ്ട്രത്തലവന്മാര്,അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപും, ഉത്തരകൊറിയന് നായകൻ  കിം ജോങ് ഉന്നും സിംഗപ്പൂരിൽ നടത്തിയ ഉച്ചകോടി ലോകസാമാധാനത്തിനു വഴിയൊരുങ്ങുമെന്ന് പ്രത്യാശിക്കുന്നു .ഈ സംഭവം  ആധുനികകാലത്തെ ലോകാല്ഭുതമായി ചരിത്രത്തില് എഴുതപ്പെടും.ഇരുവരും വെറുപ്പിന്റെ രാഷ്ട്രീയം കളിച്ചവര്; പിടിവാശിക്കാരെന്നും പക്വതയില്ലാത്തവരെന്നും ലോകം അവരെ വിലയിരുത്തി. എന്നാല് സിംഗപ്പൂരിലെ ഈ ചരിത്രകൂടിക്കാഴ്ച വിജയകാര്യമായിരുന്നു.അമേരിക്കൻ പ്രസിഡന്റ്  ട്രംപിന് അത് ഇതുവരെയുള്ളതില് ഏറ്റവും മികച്ച വിജയം, ഉന്നിന് ലോകം വാഴ്ത്തുന്ന വിജയം, ഉത്തരകൊറിയയിലേക്ക് ലോകത്തിന്റെ വെളിച്ചം കടക്കുന്നതു കൂടാതെ ലോകത്തിന് സമാധാനത്തിലേക്കുള്ള അകലം കുറയുകയും ചെയ്തു .ലോകസമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന യുണൈറ്റഡ് റിലീജിയൺസ് ഇനിഷ്യേറ്റിവ്  {യു.ആർ. ഐ }എന്ന സംഘടനയുടെ നിരന്തര പരിശ്രമം വിജയം കാണുന്നതിൽ  അതിൻറെ ഗ്ലോബൽ ട്രസ്റ്റീ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു .

ഇരുരാജ്യങ്ങളുടെയും തലവന്മാര് സംയുക്ത പ്രസ്താവന നടത്തി. അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ഉത്തര കൊറിയ പ്രസിഡന്റ് കിം ജോംഗ് ഉന്നും സമാധാന ഉടമ്പടിയില് ഒപ്പുവെച്ചതോടെ ലോകം മുഴുവനും സാന്തോഷത്തിലാണ് .കൂടിക്കാഴ്ച വിജയകരമാണെന്നാണ് ഒടുവില് ലഭിക്കുന്ന റിപ്പോര്ട്ടുകള്. ചര്ച്ച ഗംഭീരമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ‘കഴിഞ്ഞ കാര്യങ്ങള് കഴിഞ്ഞു, ചര്ച്ചയില് ഏറെ സന്തോഷമുണ്ട്എന്നായിരുന്നു ഉന് പ്രതികരിച്ചത്. സമാധാന ഉടമ്പടിയില് ഒപ്പുവെച്ചതായി അറിയുന്നു .കിമ്മിനെ ഡോണള്ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ഈ ക്ഷണം ചര്ച്ച വിജയകരമായിരുന്നു എന്നതിന്റെ സുപ്രധാന തെളിവാണ്.ലോകം ഉറ്റുനോക്കുന്ന ഉച്ചകോടിക്കായി സിംഗപ്പൂർ ഒരുക്കിയ സുരക്ഷ അത്രയ്ക്കു കർശനമാണ്. സെന്റോസ ദ്വീപിലെ കാപെല്ല പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്.

ലോകസമാധാനത്തിന്റെ പുതിയൊരു അധ്യായം രചിക്കാൻ  കൂടിക്കാഴ്ചക്ക് കഴിയുമെന്നുതന്നെ സമാധാനപ്രേമികൾ വിശ്വസിക്കുന്നു.ഇരുനേതാക്കളെയും സിംഗപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചതു സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണനാണ് (നേത്രചികിൽസാ വിദഗ്ധനായ ബാലകൃഷ്ണന്റെ പിതാവ് തമിഴ് വംശജനും മാതാവ് ചൈനീസ് വംശജയുമാണ്).കുറച്ചു മാസം മുൻപുവരെ പരസ്പരം കൊലവിളി നടത്തിയ അണ്വായുധധാരികളായ രണ്ടു നേതാക്കൾ ഇപ്പോൾ സംസാരിക്കുന്നതു സമാധാനത്തിന്റെ ഭാഷയാണ്.ഇത് ലോകസമാധാനത്തിലേക്കുള്ള കുതിച്ചുചാട്ടം തന്നെയാണത്, സംശയമില്ല.

.

പ്രൊഫ്. ജോൺ കുരാക്കാർ

 Global Council Trustee,United Religions Initiative {U.R.I }


Monday, 11 June 2018

സൈബര്‍മേഖലയും സ്ത്രീകളും

സൈബര്മേഖലയും
സ്ത്രീകളും
സാമൂഹികമാധ്യമങ്ങളിലൂടെഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നതും സൈബര്‍   ചതികളിൽ അകപെടുന്നതും    സ്ത്രീകളാണ് .സൈബര്‍മേഖല എന്നാല് ക്രിമിനല് മേഖലയായിമാറികൊണ്ടടിരിക്കുകയാണ് .  മിനിട്ടില് 141 ഇരകളാണ് സൈബര് ക്രൈം മേഖലയ്ക്ക് ലഭിക്കുന്നത്. പ്രധാനമായ ഒരു വസ്തുത സൈബര് പ്രതികള് ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതാണ്. . പെണ്‍വാണിഭം മാത്രമല്ല, ബാങ്ക് കവര്‍ച്ച, സ്വത്തപഹരണം എല്ലാം സൈബര് സ്‌പേസ് വഴി നടക്കുന്നു. 2010 ല് 5628 ബാങ്ക് കവര്‍ച്ചകള് നടന്നു എന്ന് എഫ്ബിഐ റിപ്പോര്‍ട്ടുണ്ട്. ഇതില് നഷ്ടമായത് 436 ദശലക്ഷം ഡോളറാണ്. 2011 ല് 3,00,000 ആളുകള് സൈബര് കുറ്റവാളികളുടെ ഇരകളായിരുന്നു എന്നാണ് എഫ്ബിഐ പറയുന്നത്. കവര്‍ച്ച മാത്രമല്ല, ചാരവൃത്തിയും സൈബര് മേഖലവഴി നടക്കുന്നുണ്ട്. സ്ത്രീകള് സൈബര് കുറ്റവാളികള്‍ക്ക് എളുപ്പത്തില് വീഴ്ത്താവുന്ന ഇരകളാണ്..

''വിവേകവും വിവേചനവും ഉപയോഗിച്ചുവേണം സൈബര് മേഖലയില് ഇടപെടാന്. ചൂഷണാത്മകമായ വശങ്ങള്‍ക്കെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തണം. സൈബര് അടിമത്വം സ്വീകരിക്കാതെ ഈ മേഖലയില്‍നിന്ന് ലഭിക്കുന്ന അറിവുകള് ഉപയോഗിച്ച് മുന്നേറുകയാണ് വേണ്ടത്''സ്ത്രീസുരക്ഷ ഇന്ന് ഒരു മിഥ്യയായി മാറുകയാണ്. കേരളത്തില് 'നിര്ഭയ' പദ്ധതി ഇനിയും നടപ്പായിട്ടില്ല. ട്രെയിനില് സ്ത്രീസുരക്ഷ ഇല്ല. എന്‍സിആര്‍ബി കണക്കുപ്രകാരം 2009 ല് 8049, 2013 ല് 11216 കുറ്റകൃത്യങ്ങള്. (39 ശതമാനം) വര്ധന. ദേശീയതലത്തില് 203804 ല്‍നിന്നും 309548. അതായത് 62 ശതമാനം വര്ധന. ഏഴ് ശതമാനമായിരുന്ന ബലാല്‍സംഗം 11 ശതമാനമായി. മനുഷ്യത്വവും മാനവികതയുമായിരിക്കണം മനുഷ്യനെ മുന്നോട്ടുനയിക്കേണ്ടത്.സൈബർ ലോകത്തും സ്ത്രീകൾക്ക്‌ സുരക്ഷ ഒരുക്കേണ്ടിയിരിക്കുകയാണ്

സ്ത്രീകളെ സഭ്യമല്ലാത്ത രീതിയിൽ ചിത്രീകരിക്കുന്നത് നിരോധിച്ച് 1986-ൽ കൊണ്ടുവന്ന നിയമഭേദഗതിയുടെ കരട് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നു. കുറ്റക്കാർക്ക് മൂന്നുവർഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും വ്യവസ്ഥചെയ്യുന്ന ഈ കരട് പുറത്തുവന്നതിന്റെ പിറ്റേന്നാണ് സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസമേകുന്ന പ്രഖ്യാപനം വനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധിയിൽ നിന്നുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുള്ള വെബ്സൈറ്റുകളെ പറ്റി പരാതിപ്പെടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹോട്ട്ലൈൻ സ്ഥാപിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. പലതലത്തിൽ പരാതിപ്പെട്ട് അതിന് ഒരുഫലവും കിട്ടാതെ പോകുന്ന സ്ഥിതിവിശേഷത്തിന് അറുതിവരുത്താൻ ഈ ഹോട്ട്ലൈൻ സംവിധാനത്തിനാകും എന്നു പ്രതീക്ഷിക്കാം.

വിദ്യാഭ്യാസനിലവാരത്തിലും സാമൂഹിക ബോധത്തിലും ഭാരതസ്ത്രീ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. സാമൂഹികരാഷ്ട്രീയ അവബോധത്തിൽനിന്നുളവാകുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവർക്ക് പുത്തൻമാധ്യമങ്ങളും ലഭ്യമായി. ഫെയ്സ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും പോലുള്ള സാമൂഹികമാധ്യങ്ങൾ അവർക്ക് ആത്മപ്രകാശനത്തിന്റെ വേദികളാണ്.വിവാഹാലോചനാ വെബ്സൈറ്റുകളിൽ നല്കുന്ന ചിത്രങ്ങളുടെ ദുരുപയോഗം മുതൽ കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ നിർമിച്ച് പ്രസിദ്ധീകരിക്കുന്നതുവരെസൈബർ ലോകത്തു നടക്കുന്നു ഐക്യത്തോടെയുള്ള പ്രവർത്തനമാണ് സ്ത്രീസുരക്ഷക്കു വേണ്ടത് .



പ്രൊഫ്. ജോൺ കുരാക്കാർ




നിപ്പാ വൈറസിനെ കണ്ടെത്തിയ ഡോക്ടർമാർക്കും വൈറസിനെ പിടിച്ചുകെട്ടിയ ആരോഗ്യപ്രവർത്തകർക്കും കേരളത്തിൻറെ അഭിനന്ദനങ്ങൾ

നിപ്പാ വൈറസിനെ കണ്ടെത്തിയ ഡോക്ടർമാർക്കും വൈറസിനെ പിടിച്ചുകെട്ടിയ ആരോഗ്യപ്രവർത്തകർക്കും കേരളത്തിൻറെ അഭിനന്ദനങ്ങൾ
നിപ്പാ വൈറസ് ബാധയെ പ്രതിരോധിക്കാൻ  ജില്ലാ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും നടത്തിയ ഭഗീരഥ പ്രയത്നത്തിനു ഫലമുണ്ടായി. കേരളത്തിൽ നിപ്പാ വൈറസ് ബാധ പൂർണമായും നിയന്ത്രണത്തിലായതായി ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചു.നിപ്പായെ പിടിച്ചുകെട്ടാൻ പരിശ്രമിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു .ഒരു സ്വകാര്യാശുപത്രിയിലെ ഡോക്ടറുടെ  വിവേകം കൊണ്ടുമാത്രമാണ് നിപ്പയെ കണ്ടെത്താൻ കഴിഞ്ഞത് .ഡോക്ടർക്ക് ജനകോടികളുടെ ആദരവ് .നിപ്പാ രോഗികളെ ചികിത്സിക്കുന്നതിനും പരിചരിക്കുന്നതിനും തയാറായ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരും നാടിന്റെ നന്ദിയും ആദരവും അർഹിക്കുന്നു.

 കേരളത്തിന് ഇപ്പോഴും സ്വന്തമായി വൈറോളി ഇൻസ്റ്റിറ്റ്യൂട്ട്പോലും നടത്തിക്കൊണ്ടുപോകാനായിട്ടില്ല എന്ന യാഥാർഥ്യം മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് . ഒരു പുതിയ വൈറസ് വന്നാൽ മണിപ്പാലിലേക്ക് ഓടേണ്ടിവരുന്ന ഗതികേട് ആരോഗ്യകേരളത്തിന് ഏതുനിലയ്ക്കും അപമാനകരമാണ്. 17 പേരുടെ  ജീവനെടുത്ത, പിന്നിട്ട ദുരന്തം നമ്മുടെ കണ്ണുകൾ തുറപ്പിക്കാനായെങ്കിൽ അത്  ഇതിലും വലിയ ദുരന്തങ്ങൾ തടയുന്നതിന് ഒരു പ്രേരകശക്തിയായിമാറും.മേയ് അഞ്ചിനാണ് നിപ്പാ വൈറസ് ബാധിച്ചെന്നു കരുതുന്ന ഒരാൾ ആദ്യമായി പേരാന്പ്ര സൂപ്പിക്കടയിൽ മരിച്ചത്. പിന്നീടു മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചിലരിൽ നിപ്പാ ബാധ സ്ഥിരീകരിക്കപ്പെട്ടു. വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിൽനിന്നുപോലും വൈറസ് ബാധയുണ്ടാകാമെന്നതിനാൽ അവരുടെ സംസ്കാരംപോലും അതീവ ജാഗ്രതയോടെയാണു നടത്തിയത്. ഇതിനിടെ, ഭീതി പരത്തുന്ന വ്യാജപ്രചാരണങ്ങളും നടന്നു. നാടു നേരിടുന്ന വലിയ പ്രതിസന്ധിക്കു മുന്നിൽ ഇതികർത്തവ്യതാമൂഢരായി നിൽക്കാതെ, വലിയ ജാഗ്രതയോടെ എല്ലാ വിഭാഗവും കൂട്ടായി പരിശ്രമിച്ചു. അതിനു ഫലവുമുണ്ടായി

 ഇരുപത്തൊന്നു ദിവസത്തെ ഇൻകുബേഷൻ കാലാവധി കൂടാതെ മറ്റൊരു 21 ദിവസത്തേക്കുകൂടി രോഗികളെ നിരീക്ഷിക്കേണ്ടതുണ്ട്. രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ഭീതിയും അകന്നിട്ടുണ്ട്. നിപ്പാ വ്യാപനം നമ്മുടെ ആരോഗ്യരംഗത്തു വിലപ്പെട്ട കുറെ തിരിച്ചറിവുകൾ തന്നിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന അസാധാരണ വൈറസ് ആക്രമണങ്ങളെ നേരിടാൻ നമുക്കു പരിമിതമായ സംവിധാനങ്ങൾ മാത്രമേയുള്ളൂ .ജീവൻപോലും പണയപ്പെടുത്തി സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകർക്ക് അർഹമായ അംഗീകാരം നൽകണം. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം അതിവേഗം നടക്കട്ടെ. മണിപ്പാലിലേക്കും പൂനയിലേക്കും പോകാതെ എല്ലാ രോഗാണു പരിശോധനകളും ഇവിടെത്തന്നെ നടത്താൻ കഴിഞ്ഞാൽ അതു വലിയ നേട്ടമായിരിക്കും.പലവിധത്തിലുള്ള വ്യാധികൾ ഇടയ്ക്കിടെ കേരളത്തിൽ പടർന്നുപിടിക്കാറുണ്ട്. ഇവയെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്താൻ സംവിധാനമുണ്ടാകണം.അത്യാഹിതം സംഭവിക്കുമ്പോൾമാത്രം ഉണരേണ്ടതല്ല നമ്മുടെ സംവിധാനങ്ങൾ. അത് മുൻകൂട്ടി കാണാനും തടയാനും ആവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകതന്നെ വേണം .ആരോഗ്യ വകുപ്പ് എന്നും ജാഗ്രതയോടെയിരിക്കേണ്ടതുണ്ട് .



പ്രൊഫ്. ജോൺ കുരാക്കാർ