Saturday, 19 May 2018

റോഡപകടങ്ങളും സർക്കാർ സഹായവും

റോഡപകടങ്ങളും 
 സർക്കാർ സഹായവും
റോഡുയാത്രയും വാഹനങ്ങളോടിക്കലും ഇന്ന് പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ് .കേരളത്തിൽ റോഡപകടങ്ങൾ വർദ്ധിച്ചുവരുന്നതായിട്ടാണ് കണക്ക് . അതിവേഗത്തിലുള്ള മരണ പാച്ചിൽ, ഇടതുവശത്തുകൂടിയുള്ള മറികടക്കൽ, കർണകഠോരമായി ഹോൺമുഴക്കൽ, എവിടെയും വണ്ടി നിർത്തിയിടൽ, തിരക്കുള്ള കവലകളുടെ നടുവിൽ ബസ് നിർത്തിയുള്ള ആളെക്കയറ്റൽ, ഒരുതരത്തിലുള്ള സിഗ്നലും നൽകാതെയുള്ള വെട്ടിത്തിരിയൽ, സീബ്രാവരകളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്കിടയിലൂടെപ്പോലും വണ്ടിയോടിക്കൽ ഇവയൊക്കെ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നവയാണ് . കഴിഞ്ഞവർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നത് കേരളത്തിലെ റോഡുകൾ കുരുതിക്കളങ്ങളായി മാറിയിരിക്കുന്നെന്നാണ്.
കേരളത്തിൽ ഏകദേശം 1000 കോടി രൂപയാണ് അപകടങ്ങൾകാരണം കേരളസർക്കാർ ചെലവാക്കുന്നത്. കഴിഞ്ഞവർഷം ശരാശരി പന്ത്രണ്ടിലധികം പേർ ദിവസേന കേരളത്തിൽ റോഡപകടങ്ങളിൽ മരിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ കഴിഞ്ഞ വർഷം റോഡപകടത്തിൽ മരിച്ചവരുടെ എണ്ണമാകട്ടെ 4287 ആണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ 95 ശതമാനം അപകടങ്ങളും നടക്കുന്നത് ഡ്രൈവറുടെ അനാസ്ഥമൂലമാണ്. അഞ്ചുശതമാനം അപകടങ്ങളേ റോഡിന്റെ ശോചനീയാവസ്ഥമൂലം ഉണ്ടാകുന്നുള്ളൂ.റോഡപകടങ്ങളിൽപെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ പലപ്പോഴും നമുക്ക് കഴിയുന്നില്ല .അപകടങ്ങളിൽപെടുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രധാനം ആദ്യ മണിക്കൂറുകളാണ്. ഈ സമയത്തു ലഭിക്കുന്ന ശുശ്രൂഷയും ചികിത്സയുമാണു രോഗിയുടെ ജീവൻ രക്ഷിക്കുന്നത്.
ആംബുലൻസിന്റെ ലഭ്യതയും വിദഗ്ധചികിത്സ ലഭിക്കുന്ന ആശുപത്രിയെ സംബന്ധിച്ച അറിവും ഈ സമയത്തു പ്രധാനംതന്നെ. കേരളത്തിൽ ദിവസം ശരാശരി 12  പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുകയും 117 പേർക്കു പരുക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നാണു കണക്ക്. സംസ്ഥാനത്തു വാഹനാപകടങ്ങളിൽ സംഭവിക്കുന്ന മരണങ്ങളിൽ അൻപതു ശതമാനത്തിലേറെയും ഒഴിവാക്കാവുന്നതാണെന്നു വിദഗ്ധർ പറയുന്നുമുണ്ട്. ആന്തരിക രക്തസ്രാവം, ഹൃദയാഘാതം, മാരകമായ ഒടിവുകളും മുറിവുകളും എന്നിവമൂലമാണു പലപ്പോഴും റോഡപകടങ്ങളിൽ മരണം സംഭവിക്കുന്നത്. മികച്ച പ്രഥമശുശ്രൂഷ നൽകാനായാൽ റോഡിൽ പിടഞ്ഞുവീഴുന്ന പല ജീവനുകളും രക്ഷിക്കാനായേക്കും. സുസജ്ജമായ ആധുനിക ആംബുലൻസുകളുടെ അഭാവം ഇതിനു പ്രധാന തടസ്സമാകുന്നു. ഇവിടെയാണ്  കേരളസർക്കാരിൻ്റെ  ട്രോമ കെയർ ആംബുലൻസ് സർവ്വീസ്  പ്രയോജനപ്പെടുന്നത്   സംസ്ഥാനവ്യാപകമായുള്ള ഒരേ നമ്പർ ആംബുലൻസ് സേവനത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തുടക്കമിട്ടിരിക്കുന്നു .ഇത് കേരളത്തിന്വലിയ  പ്രതീക്ഷയാണ്‌  നൽകുന്നത് .
 ഇവിടെയാണ് ജീവനിലേക്കു വാതിൽതുറക്കുന്ന ഒരു ഫോൺ നമ്പർ പ്രത്യാശയാകുന്നത്. കേരളത്തിൽ എവിടെ റോഡപകടമുണ്ടായാലും അടിയന്തര സഹായം ലഭിക്കുന്നതിനു പൊലീസും ഐഎംഎയും ചേർന്നു രൂപംനൽകിയ നമ്പറാണത്: 9188100100.ആയിരത്തോളം ആംബുലൻസുകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അപകടസ്ഥലത്തുനിന്ന് ഈ മൊബൈൽ നമ്പറിലേക്കു വിളിച്ചാൽ പൊലീസ് കൺട്രോൾ റൂമിലാണ് കോൾ എത്തുക. സ്ഥലം ചോദിച്ചറിഞ്ഞ് ഏറ്റവുമടുത്തുള്ള ആംബുലൻസ് ഡ്രൈവർമാരുടെ ‘ആപ്പിലേക്കു സന്ദേശം നൽകും. തുടർന്ന്, ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ അപകടസ്ഥലത്തേക്കുള്ള വഴിയും ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്കുള്ള വഴിയും തെളിയുകയായി. ആംബുലൻസിന്റെ സഞ്ചാരം തത്സമയം കൺട്രോൾ റൂമിൽ ട്രാക്ക് ചെയ്യാം. ആംബുലൻസ് ഡ്രൈവർമാർക്ക് ഐഎംഎയും പൊലീസും പരിശീലനം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാകുകയും ചെയ്യും.  റോഡപകടങ്ങളിൽപെടുന്നവരുടെ 48 മണിക്കൂർ നേരത്തെ അടിയന്തര ചികിത്സച്ചെലവ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അടിയന്തര ചികിത്സാരംഗത്തു നിർണ്ണായകമാണ് . ഈ തീരുമാനം ഫലപ്രദമാകട്ടെ .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment