Tuesday, 15 May 2018

പെൺകുഞ്ഞുങ്ങളെ രക്ഷിക്കാൻ രാജ്യത്ത് ആരുമില്ലേ ?


പെൺകുഞ്ഞുങ്ങളെ രക്ഷിക്കാൻ രാജ്യത്ത് ആരുമില്ലേ ?

രാജ്യത്ത്  പെൺകുഞ്ഞുങ്ങളെപിച്ചിച്ചീന്തുന്ന കാപാലികരെ ,പരമ നീചന്മാരെ ഇല്ലാതാക്കാൻ ആരുമില്ലേ ?.സമ്പൂർണ്ണ സാക്ഷരതയുള്ള ദൈവത്തിൻറെ സ്വന്തം നാട് എന്നുപറഞ്ഞുനടക്കുന്ന കേരളത്തിൽ അതിനിന്ദ്യമായ അതിക്രമങ്ങളാണ് പെൺകുട്ടികൾക്ക് നേരേ നടക്കുന്നത്.കുറ്റവാസനയും ഭ്രാന്തുമായി മാറുന്ന ലൈംഗികാസക്തിയുടെ ഇരകളായിത്തീരുന്ന പെൺകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും എണ്ണം നിത്യേന പെരുകിവരുന്നു. മലപ്പുറം എടപ്പാളിൽ സിനിമാ തിയറ്ററിൽ പത്തുവയസുകാരി ബാലികയെ അപമാനിച്ചതും പയ്യന്നൂരിൽ അമ്മയ്ക്കൊപ്പം രാത്രി തെരുവിൽ ഉറങ്ങിക്കിടന്ന ഏഴു വയസുകാരി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ നടത്തിയ ശ്രമവും ഈ പരന്പരയിൽ അവസാനത്തേതാകുമെന്നു നമുക്ക് കരുതാൻ കഴിയുമോ ?പല സംഭവങ്ങളിലും പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് കാട്ടിയ കാലതാമസം ജനങ്ങളെ അത്ഭുതപെടുത്തിയിരിക്കുകയാണ് .ബാലികയെ അപമാനിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ചൈൽഡ് ലൈൻ പോലീസിനു പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് എടുക്കാൻ പോലീസ് തയാറാകാഞ്ഞത്‌  കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആയിട്ടുവേണം കരുതാൻ .
നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. പെൺകുട്ടികളും ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നു. റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ ചെയ്യപ്പെടാത്ത, ഒതുക്കിത്തീർക്കുന്ന, ഒളിപ്പിക്കുന്ന കേസുകളാണ് അധികവും. ഉറ്റബന്ധുക്കൾപോലും കൊടുംശത്രുക്കളാകുന്ന ഇക്കാലത്ത്  പൊലീസ് സേന കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടിയിരിക്കുന്നു .കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ രാജ്യത്തു വർധിച്ചുവരികയാണ്. ഇത്തരം അതിക്രമങ്ങളെ നേരിടുന്നതിനു പോക്സോ നിയമം നിലവിലുണ്ടെങ്കിലും പലപ്പോഴും പ്രതികൾ ഉന്നത സ്വാധീനത്തിന്റെയും പണത്തിന്റെയും ബലത്തിൽ രക്ഷപ്പെടുകയാണ്.കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവർക്കു വധശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്ത് രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിച്ചത് ഈയിടെയാണ്. നേരത്തേയുണ്ടായിരുന്ന പോക്സോ നിയമപ്രകാരം കുട്ടികളെ മാനഭംഗപ്പെടുത്തുന്നതിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവായിരുന്നു. കാഷ്മീരിലെ കഠുവയിൽ പിഞ്ചുബാലിക ക്രൂരമായ പീഡിപ്പിക്കപ്പെട്ട സംഭവമാണ് ഇത്തരമൊരു ഓർഡിനൻസിനു നിമിത്തമായത്. എന്നിട്ടും പീഡന പരന്പരകൾ അനുസ്യൂതം തുടരുകയാണ്.
ഇന്ത്യയിൽ കുട്ടികൾക്കും മുതിർന്നവർക്കും എതിരേയുള്ള മാനഭംഗക്കേസുകൾ വൻതോതിൽ വർധിക്കുന്നതായി കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ രജിസ്റ്റർ ചെയ്യപ്പെട്ട നാല്പതിനായിരം മാനഭംഗക്കേസുകളിൽ കുട്ടികളെ മാനഭംഗപ്പെടുത്തിയ 18,862 കേസുകളും ഉൾപ്പെടുന്നു. ദിവസവും അന്പതിലേറെ കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ഥിതി “ദേശീയ അടിയന്തരാവസ്ഥ’’യായി മാറിയെന്നു നൊബേൽ ജേതാവ് കൈലാസ് സത്യാർഥി ഈയിടെ പറയുകയുണ്ടായി.അടുത്ത കാലത്തായി ബി.ബി.സി പുറത്തുവിട്ടൊരു സർവേ  പ്രകാരം മണിക്കൂറില് നാല് കുട്ടികള് നമ്മുടെ രാജ്യത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.  കുടുംബശ്രീയുടെ കണക്കുപ്രകാരം 2017 ഏപ്രിലിനും 2018 മാർച്ചിനുമിടയ്ക്ക് കേരളത്തിൽ കുട്ടികൾക്കുനേരെ 778 അതിക്രമങ്ങൾ നടന്നിട്ടുണ്ട്. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം കേരളത്തിൽ  രജിസ്റ്റർ ചെയ്തത് 459 പോക്സോ കേസുകളും. നിയമാവബോധവും നടപടികളും ഉണ്ടായിട്ടും ബാലപീഡനങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു
 ലൈംഗികഭ്രാന്തിനു വിട്ടുകൊടുക്കാനുള്ളതല്ല നമ്മുടെ പെൺ  കുഞ്ഞുങ്ങളുടെ ജീവിതം .ഉറങ്ങിക്കിടക്കുന്ന ഇന്നത്തെ സമൂഹം ഉണരേണ്ടിയിരിക്കുന്നു .സ്കൂളുകളിലേക്കും  വായനശാലയിലേക്കും കടകളിലേക്കുമെല്ലാം അടുത്തുള്ള ബന്ധു വീടുകളിലേക്കും  നിർജനപാതകളിൽപ്പോലും പെൺകുട്ടികൾ സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ചിരുന്നഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു . ആ കാലം നമുക്ക് വീണ്ടെടുക്കാൻ കഴിയുമോ ? കഴിയണം .

പ്രൊഫ് . ജോൺ കുരാക്കാർ

No comments:

Post a Comment